കേരള രാഷ്ട്രീയത്തിലെ കാരണവരിൽ ഒരാളായ പി.ജെ. ജോസഫ് അങ്ങനെയാണ്...പരിചയപ്പെട്ടാൽ, ഇടപെട്ടാൽ, സംസാരിച്ചാൽ നമ്മുടെ സ്വന്തം ആരോ ആണെന്നു തോന്നും. രാഷ്ട്രീയത്തിൽ, കാർഷിക ജീവിതത്തിൽ, സാമൂഹ്യപ്രവർത്തനത്തിൽ തനതായ ശൈലി മുദ്രിതമാക്കിയ പിജെ ജൂൺ 28ന് ശതാഭിഷേക നിറവിൽ...
1970ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയം. തൊടുപുഴയില്‍ ഒരു പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നു കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം പാര്‍ട്ടി ചെയര്മാന് കെ.എം. ജോര്‍ജിനോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ പുറപ്പുഴ പാലത്തിനാല്‍ കുഞ്ഞേട്ടന്റെ വീട്ടിലെത്തി.
നാട്ടിലെ കര്‍ഷക പ്രമുഖനും പൊതുകാര്യ പ്രസക്തനുമാണു കുഞ്ഞേട്ടന്. അദ്ദേഹത്തിന്റെ മകന് തേവര എസ്എച്ച് കോളജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.
പാട്ടും കൃഷിയും അല്പസ്വല്പം പൊതുകാര്യങ്ങളുമൊക്കെയായി നടക്കുകയാണു പുറപ്പുഴക്കാരുടെ ഔസേപ്പച്ചന് എന്ന പി.ജെ. ജോസഫ്. പി.ജെ. ജോസഫിനെ മത്സരിപ്പിക്കണമെങ്കില്‍ കുഞ്ഞേട്ടന്റെ അനുവാദം കിട്ടിയേ തീരൂ.
കെ.എം. ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാലത്തിനാല്‍ വീട്ടിലെത്തി. എന്നാൽ, മകന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് കുഞ്ഞേട്ടൻ യോജിച്ചില്ല. അങ്ങനെയെങ്കില്‍ പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കൊടുക്കണമെന്നായി കെ.എം. ജോര്‍ജ്.
കേരള കോണ്‍ഗ്രസ് നേതാവായ മാത്തച്ചന് കുരുവിനാക്കുന്നേല്‍ മത്സരിച്ചാല്‍ ജയിക്കുമെന്ന അഭിപ്രായം ഉയര്‍ന്നു വന്നു. 1967ലെ തെരഞ്ഞെടുപ്പില്‍ മാത്തച്ചന് ഉടുമ്പഞ്ചോലയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല.
മാത്തച്ചനോടു സംസാരിച്ചപ്പോള്‍ ചേട്ടനോടു ചോദിച്ചു സമ്മതിച്ചാല്‍ മത്സരിക്കാമെന്നായി. എന്നാല്‍, അദ്ദേഹം സമ്മതിക്കാതായതോടെ മാത്തച്ചന് പിന്‍വാങ്ങി. ഒടുവിൽ പറ്റിയ ആളെ കിട്ടാതായതോടെ മകനെ സ്ഥാനാര്‍ഥിയാക്കാമെന്ന് കുഞ്ഞേട്ടനു സമ്മതിക്കേണ്ടി വന്നു.
തൊടുപുഴ ബാലികേറാമല
കേരള കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം നടന്ന മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു അത്. മുമ്പു നടന്ന രണ്ടു തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിന് ഇവിടെ ജയിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഒരു ജീവന്മരണ പോരാട്ടമായിരുന്നു.
രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് ജോസഫ് എന്ന ചെറുപ്പക്കാരൻ പുതിയ ചരിത്രമെഴുതി. ശക്തമായ ത്രികോണ മത്സരത്തില്‍ 1,635 വോട്ടിന് ജോസഫിന് അപ്രതീക്ഷിത ജയം. എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും ആദ്യമായി നിയമസഭയിലെത്തിയതും ഈ തെരഞ്ഞെടുപ്പിലായിരുന്നു.
നേതൃതലത്തിലേക്ക്
പി.ജെ. ജോസഫ് എന്ന ചെറുപ്പക്കാരൻ മികച്ച രാഷ്ട്രീയക്കാരനായി പരിവർത്തനം ചെയ്യുന്നതിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 1970ലെ നിയമസഭയ്ക്കു കാലാവധി നീട്ടിക്കിട്ടി. 1977ലാണ് പിന്നീട് തെരഞ്ഞെടുപ്പു നടക്കുന്നത്.
1973ല്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആയി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. യുവജനപ്രശ്നങ്ങള് ഉയര്‍ത്തി അന്നു ഗുരുവായൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് ജോസഫ് നയിച്ച കാല്‍നടജാഥ വന്‍ വിജയമായി.
"കൈക്കൂലി കൊടുക്കരുത്, കൈക്കൂലി വാങ്ങരുത്' എന്ന ഒറ്റ പ്ലക്കാര്‍ഡ് മാത്രമായിരുന്നു യുവജന മാര്‍ച്ചില്‍ ഉപയോഗിച്ചിരുന്നത്. ഇതു വലിയ ചർച്ചയും വാർത്തയുമായി മാറി. പ്രവർത്തന മികവിൽ ചുരുങ്ങിയ കാലത്തിനുള്ളില്‍ പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസിന്റെ നേതൃതലത്തിലേക്ക് എത്തി.
അടിയന്തരാവസ്ഥക്കാലത്തു കേരള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരുന്നതു സംബന്ധിച്ച് ഇന്ദിരാഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തുന്നതിനു പാര്‍ട്ടി നിയോഗിച്ച നാലു പേരില്‍ പി.ജെ. ജോസഫും ഉണ്ടായിരുന്നു. കെ.എം. ജോര്‍ജ്, കെ.വി. കുര്യന്, ജോര്‍ജ് ജെ. മാത്യു എന്നിവരായിരുന്നു മറ്റു മൂന്നു പേര്.
ചെറുപ്പക്കാരൻ ആഭ്യന്തരമന്ത്രി
അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തിലേറി.
എന്നാല്‍, രാജന് കേസില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ പ്രതികൂല പരാമര്‍ശത്തിന്റെ പേരില്‍ കരുണാകരന് രാജിവച്ചതിനെത്തുടര്‍ന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു.
കെ.എം. മാണി ആയിരുന്നു അന്ന് ആഭ്യന്തരമന്ത്രി. മാണിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയതിനെത്തുടര്‍ന്ന് മാണി രാജിവച്ചു. പകരം ആഭ്യന്തരമന്ത്രി പദത്തിലേക്ക് പി.ജെ. ജോസഫ്.
വെറും 36 വയസും ആറു മാസവും പ്രായമുള്ളപ്പോഴായിരുന്നു ജോസഫിനെ തേടി ആഭ്യന്തരമന്ത്രി പദം എത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രി എന്ന റിക്കാര്‍ഡ് ഇന്നും തകര്‍ന്നിട്ടില്ല.
1978 ജനുവരി 16ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് അതേ വര്‍ഷം സെപ്റ്റംബര്‍ 15ന് സ്ഥാനമൊഴിഞ്ഞ് കെ.എം. മാണിക്കു വേണ്ടി വഴിമാറിക്കൊടുത്ത് മാതൃക കാട്ടി.
സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു മാണിയുടെ മടങ്ങിവരവ്. അന്നു കേരളത്തിലെ പ്രമുഖമായ ഒരു പ്രസിദ്ധീകരണം ജോസഫിനെക്കുറിച്ച് ഇങ്ങനെ എഴുതി: ജോസഫ്, താങ്കള്‍ ഒരു ജന്റില്‍മാനാണ്.